സോപ്പിന് വില 720 രൂപ
ബാംഗ്ലൂര്‍: 50 രൂപയ്ക്കും 60 രൂപയ്ക്കുമൊക്കെയുള്ള സോപ്പ് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു സോപ്പിന് 720 രൂപയായാലോ? ഇതെന്താ സ്വര്‍ണം കൊണ്ടാണോ ഉണ്ടാക്കിയതെന്ന് നാം ചോദിക്കും. പക്ഷെ, സ്വര്‍ണമല്ല. പരിശുദ്ധമായ ചന്ദനത്തൈലം ഉപയോഗിച്ചാണ് ഈ സോപ്പ് നിര്‍മിച്ചിരിക്കുന്നത്. 'മൈസൂര്‍ സാന്‍ഡല്‍സ് മില്ലേനിയം' എന്ന പേലില്‍ പൊതുമേഖലാ സ്ഥാപനമായ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡാണ് (കെഎസ് ആന്‍ഡ് ഡിഎല്‍) സൂപ്പര്‍ പ്രീമിയം വിഭാഗത്തിലുള്ള ഈ സോപ്പ് വിപണിയിലെത്തിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്ന സോപ്പുകളില്‍ ഏറ്റവും വിലയേറിയതാണ് മൈസൂര്‍ സാന്‍ഡല്‍സ് മില്ലേനിയം സോപ്പെന്ന് കെഎസ് ആന്‍ഡ് ഡിഎല്‍ ചെയര്‍മാന്‍ ശിവാനന്ദ നായിക് പറഞ്ഞു. 75 രൂപ വിലയുള്ള മൈസൂര്‍ സാന്‍ഡല്‍ ക്ലാസ്സിക്, 60 രൂപ വിലയുള്ള മൈസൂര്‍ സാന്‍ഡല്‍ ഗോള്‍ഡ് എന്നിവയാണ് ഇപ്പോള്‍ ഏറ്റവും വിലയുള്ള സോപ്പുകള്‍. ഇതിന്റെ തൊട്ടുപിന്നാലെ ഹിന്ദുസ്ഥാന്‍ യൂണീലിവറിന്റെ ഡോവ് സോപ്പുമുണ്ട്. എന്നാല്‍, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഹെര്‍മെസ്, ഒലേ എന്നീ സോപ്പുകള്‍ക്കും ആംവേയുടെ സോപ്പുകള്‍ക്കും ഇതിനെക്കാള്‍ വില കൂടുതലാണ്.
ഭക്ഷ്യക്കൊഴുപ്പ് ചേര്‍ക്കാതെയുള്ള തനി വെജിറ്റേറിയന്‍ സോപ്പാണ് മൈസൂര്‍ സാന്‍ഡല്‍സ് മില്ലേനിയമെന്ന് കമ്പനി അവകാശപ്പെടുന്നു. പരിശുദ്ധമായ ചന്ദനത്തൈലവും ഇതില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു.
150 ഗ്രാം പായ്ക്കിനാണ് 720 രൂപ. 30 ഗ്രാമിന്റെ ചെറുപായ്ക്കിലും ഇത് ലഭ്യമാണ്. വില 125 രൂപ.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ഹൈപ്പര്‍മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴിയാവും മൈസൂര്‍ സാന്‍ഡല്‍സ് മില്ലേനിയം സോപ്പുകള്‍ വില്‍ക്കുക. സര്‍ക്കാര്‍ ഓഫീസുകള്‍, ലൈഫ് സ്റ്റൈല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളിലും ഇത് ലഭ്യമാക്കും. യു.കെ, അമേരിക്ക, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.
No comments:
Post a Comment